മൂന്ന് വിക്കറ്റ് ജയം; ഓസീസ് ഫൈനലില്‍

aus eng tri odi

ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ ഫൈനലിലെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിര്‍ത്തി ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. താല്‍ക്കാലിക നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അപരാജിത സെഞ്ചുറിയാണ് ഓസീസിന് ജയവും ഫൈനല്‍ ടിക്കറ്റും ഉറപ്പിച്ചത്. സ്മിത്തിന് പുറമെ ഷോണ്‍ മാര്‍ഷ്(45), ബ്രാഡ് ഹാഡിന്‍(42), ഗ്ലെന്‍ മാക്സ്‌വെല്‍(37), ജെയിംസ് ഫോക്നോര്‍(35), ആരോണ്‍ ഫിഞ്ച്(32) എന്നിവരും ഓസീസ് ജയത്തിലേക്ക് കാര്യമായ സംഭാവന നല്‍കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇയാന്‍ ബെല്ലിന്റെ സെഞ്ചുറി(141) മികവിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ മോയിന്‍ അലി(46) 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത ബെല്‍ മൂന്നാം വിക്കറ്റില്‍ ജോ റൂട്ടുമായി(69)121 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. എന്നാല്‍ ഇരുവരും പുറത്തായശേഷം അവസാന ഓവറുകളില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താന്‍ കഴിയാഞ്ഞത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

40 ഓവറില്‍ 250 റണ്‍സിലെത്തിയ ഇംഗ്ലണ്ടിന് അവസാന പത്തോവറില്‍ 53 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു. മൂന്ന് കളികളും ജയിച്ച ഓസീസിനിപ്പോള്‍ 13 പുോയന്റും ഒരു മത്സരം ജയിച്ച ഇംഗ്ലണ്ടിന് അഞ്ചു പോയന്റുമുണ്ട്. ഇരു ടീമിനും ഇന്ത്യയുമായുള്ള ഓരോ മത്സരം ബാക്കിയുണ്ട്. രണ്ടു മത്സരവും ജയിച്ചാലെ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷയുള്ളു.