യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയിലെത്തി

modi obama india

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ ഡല്‍ഹിയിലെത്തി. ഒബാമയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം വിമാനത്താവളത്തിലെത്തി. മൂന്നു ദിവസം ഇന്ത്യ സന്ദര്‍ശിക്കുന്ന ഒബാമ നരേന്ദ്ര മോദിയുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക ആണവകരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും പ്രതിരോധമേഖലയിലെ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ചുമാകും പ്രധാന ചര്‍ച്ച. താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കിയ ഒബാമ ചൊവ്വാഴ്ച മടങ്ങും.

ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുന്നതാകും പ്രസിഡണ്ട് ഒബാമയുടെ രണ്ടാമത്തെ ഇന്ത്യ സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ട് രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്നത്. റഷ്യന്‍ രീതിയില്‍ നടക്കുന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യ അതിഥിയാകുന്ന ആദ്യ അമേരിക്കാന്‍ പ്രസിഡന്റും ഒബാമയാണ്. ബറാക് ഒബാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് ഇന്ത്യ അമേരിക്ക ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും.

ആണവ സഹകരണം നടപ്പിലാക്കുന്നതിലുള്ള പ്രതിസന്ധികളാണ് മുഖ്യ ചര്‍ച്ച വിഷയങ്ങളിലൊന്ന്. ആണവബാധ്യത നിയമമാണ് ഇതിനുള്ള പ്രധാന തടസം. ഈ നിയമം വിദേശ ആണവകമ്പനികള്‍ക്കെതിരെ പ്രതികൂലമായി പ്രയോഗിക്കില്ലെന്ന ഉറപ്പ് ചര്‍ച്ചയില്‍ ഇന്ത്യ നല്‍കും. പ്രതിരോധമേഖലയില്‍ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ചും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുളള നിര്‍ണ്ണായ തീരുമാനങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകും.

തുടര്‍ന്ന് പ്രധാനമന്ത്രി ഒരുക്കുന്ന ഉച്ച വിരുന്നിലും വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലും പ്രസിഡന്റ് ഒബാമ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചവരെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഒബമാ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയ്ക്കൊപ്പം ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയിലും അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മന്‍കി ബാത് റേഡിയോ പരിപാടിയിലും പങ്കെടുത്ത ശേഷം സൗദി അറേബ്യയിലേക്ക് പോകും. അന്തരിച്ച അബ്ദുല്ല രാജാവിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ സൗദി അറേബ്യ സന്ദര്‍ശനം. ഇതിന് വേണ്ടി മുന്‍ നിശ്ചയിച്ച ആഗ്ര സന്ദര്‍ശനം അദ്ദേഹം റദ്ദാക്കി.

കഴി‍ഞ്ഞ നാലുമാസത്തിനിടെ നാലാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡണ്ട് ഒബാമയും കൂടികാഴ്ച നടത്തുന്നത്. എല്ലാ ഉഭയ കക്ഷി ചര്‍ച്ചയിലുമെന്ന പോലെ ആണവമേഖലയിലെ നിക്ഷേപം ഇത്തവണ കൂടികാഴ്ചയിലും പരിഹരിക്കപ്പെടാത്ത വിഷയമായി തുടരാണ് സാധ്യത.