ബിജു രമേശിന് പോലീസ് സംരക്ഷണം

biju ramesh1

മന്ത്രി കെ.എം.മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് പോലീസ് സംരക്ഷണം നല്‍കും.

അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഒരു ഗണ്‍മാനെ നിയോഗിക്കും. തനിക്കുമേല്‍ പലവിധ ഭീഷണികളുണ്ടെന്നുകാട്ടി ബിജു രമേശ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, അദ്ദേഹത്തിന്റെ വീടിന് സംരക്ഷണം നല്‍കുന്ന കാര്യം സ്ഥിതിഗതി നിരീക്ഷിച്ച ശേഷം മാത്രമേ തീരുമാനിക്കൂ.

ബിജു രമേശിന്റെ വീടിനുമുകളില്‍ കടന്നുകയറിയ സംഘത്തില്‍ ഒരാളെ ബിജുവിന്റെ ബന്ധുക്കളും ജോലിക്കാരും ചേര്‍ന്ന് പിടികൂടി ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മുഖ്യമന്ത്രി അത് ഇന്റലിജന്‍റ്‌സ് എ.ഡി.ജി.പി.ക്ക് കൈമാറുകയും തുടര്‍ന്ന് ഗണ്‍മാനെ അനുവദിക്കുകയുമായിരുന്നു. അജ്ഞാതരായ പലരും തന്റെ വീട്ടിലും ഓഫീസ് പരിസരത്തും എത്തുകയും യാത്രകള്‍ സംബന്ധിച്ച് അന്വേഷിക്കുന്നതായും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇത്തരം അന്വേഷണങ്ങള്‍ തന്നെ അപായപ്പെടുത്താനാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബിജു ആവശ്യപ്പെട്ടിരുന്നത്.

വീടിന് മുകളില്‍നിന്ന് പിടികൂടിയ ആള്‍ തമിഴ്‌നാട് സ്വദേശിയായ മണിയന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, പരാതികളൊന്നുമില്ലെന്ന കാരണത്താല്‍ ഫോര്‍ട്ട് പോലീസ് അയാളെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാതെ വിട്ടയച്ചത് വീഴ്ചയാണെന്ന് ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മണിയന്റെ വിലാസംപോലും പോലീസിന്റെ കൈവശമില്ലെന്നാണ് വിവരം.