സിറിയയില്‍ ബന്ദിയാക്കിയ ജാപ്പനീസ് പൗരനെ ഐഎസ് ഭീകരര്‍ വധിച്ചു

japanees

സിറിയയില്‍ ബന്ദിയാക്കിയ രണ്ട് ജപ്പാന്‍ പൗരന്‍മാരില്‍ ഒരാളെ ഐ.എസ് ഭീകരര്‍ വധിച്ചു. ഐ.എസ് തടവിലുള്ള ഹരുന യുകാവായെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ.എസ് അനുകൂല വെബ്സൈറ്റ് പുറത്തുവിട്ടു.72 മണിക്കൂറിനുള്ളില്‍ 20 കോടി ഡോളര്‍ മോചന ദ്രവ്യമായി നല്‍കിയില്ലെങ്കില്‍ യുകാവയേയും ഒപ്പം ബന്ദിയാക്കപ്പെട്ട പത്രപ്രവര്‍ത്തനകനായ കെന്‍ജി ഗോട്ടോയേയും വധിക്കുമെന്ന് ഐ.എസ് അന്ത്യശാസനം നല്‍കിയിരുന്നു. ഐ.എസിനെതിരായ പോരാട്ടത്തിന് അമേരിക്കക്ക് ജപ്പാന്‍ 20കോടി ഡോളര്‍ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

സ്വകാര്യ മിലിട്ടറി കോണ്‍ട്രാക്ടറായ യുകാവ കഴിഞ്ഞ ഓഗസ്റ്റിലാണ് ഐ.എസ് ഭീകരരുടെ പിടിയിലാകുന്നത്. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോ സിറിയയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഭീകരരുടെ പിടിയിലായത്. യുകാവയെ വധിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും ആധികാരികത പരിശോധിച്ചുവരുകയാണെന്നും ജപ്പാനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോശിഹിഡെ സുഗ അറിയിച്ചു. മാപ്പര്‍ഹിക്കാത്ത കാടത്തമാണെന്നും കെന്‍ജി ഗോട്ടോയേ വിട്ടയക്കണമെന്നും ജപ്പാന്‍ പ്രസിഡന്‍റ് ഷിന്‍സോ ആബേ പ്രതികരിച്ചു.