രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു; ഒബാമയെ വിസ്മയിപ്പിച്ച് പരേഡ്

r day

രാജ്യം 66-ാം റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ നിറവില്‍. വര്‍ണാഭവും പ്രൗഢവുമായ റിപ്പബ്‌ളിക് ദിന പരേഡ് ബരാക് ഒബാമയെ വിസ്മയിപ്പിച്ചു. പരേഡിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അമര്‍ ജവാന്‍ ജ്യോതിയിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. കനത്തസുരക്ഷാ വലയത്തിലാണ് ഇത്തവണ റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്.

രാവിലെ 10 മണിക്ക് ഔദ്യോഗികവാഹനമായ ബീസ്റ്റിലാണ് ഒബാമയും ഭാര്യയും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തി. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരചരമം പ്രാപിച്ച രാജ് പുത്താനെ റൈഫിള്‍സിലെ നായിക് നീരജ് കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ് വരദരാജനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അശോകചക്ര സമ്മാനിച്ചു. ഇരുവരുടെയും ഭാര്യമാരാണ് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര ഏറ്റുവാങ്ങിയത്.

തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടന്നു. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. രാജ്പഥില്‍ കൂടി സഞ്ചരിച്ച് പരേഡ് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലാണ് അവസാനിച്ചത്. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതുന്ന റിപബ്ലിക് ദിന പരേഡായിരുന്നു് ഇത്തവണത്തെ പ്രത്യേകത. വിവിധ പ്ലോട്ടുകളുടെ ഘോഷയാത്രയും ആഘോഷങ്ങളും അരങ്ങേറി.

രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമ വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് വിസ്മയത്തോടെയാണ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും നോക്കിക്കണ്ടത്. ചടങ്ങിന് സാക്ഷിയാകുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ഒബാമ.