മാള അരവിന്ദന്‍ അന്തരിച്ചു

mala aravindan

നടന്‍ മാള അരവിന്ദന്‍(76)അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അന്ത്യം. മുന്നോറോളം സിനിമകളില്‍ ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട് മാള. ശബ്ദത്തിലൂടെയും ചിരിയിയൂടെയും ആംഗ്യപ്രകടനത്തിലൂടെയും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയ മാള ജഗതി ശ്രീകുമാറിനും കുതിരവട്ടം പപ്പുവിനുമൊപ്പം എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി.

എറണാകുളത്ത് വടവുകോട്ട്, ശ്രീ. അയ്യപ്പന്റെയും പൊന്നമ്മയുടെയും മൂത്ത മകനായാണ് അരവിന്ദന്‍ ജനിച്ചത്. പിതാവ് പോലീസ് എക്ലൈസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സ്‌കൂള്‍ അദ്ധ്യാപികയും.വളരെ ചെറുപ്പത്തില്‍ തന്നെ തബല വായിക്കാന്‍ പഠിച്ചത് അരവിന്ദനിലെ കലാകാരന് പിന്നീടുള്ള കലാജീവിതത്തില്‍ മുതല്‍ക്കൂട്ടായി. ആദ്യം നാടകങ്ങളുടെ തബിലിസ്റ്റായാണ് അരവിന്ദന്‍ കലാജീവിതത്തിനു തുടക്കമിട്ടത്. പിന്നീട് അഭിനയരംഗത്തേയ്ക്കു മാറി.

നാട്ടിലുള്ള കൊച്ചു കൊച്ചു നാടകങ്ങളിലൊക്കെ അഭിനയിച്ച് പേരെടുത്ത അരവിന്ദന്‍ പ്രൊഫഷണല്‍ നാടകവേദികളുമായി ബന്ധപ്പെട്ടു. കോട്ടയം നാഷണല്‍ തിയ്യേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ വേദികളില്‍ പ്രത്യക്ഷപ്പെട്ടു. സൂര്യസോമയുടെ ‘നിധി’ എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദന്‍ സിനിമാരം‌ഗത്തെത്തുന്നത്.

എന്റെ ഗ്രാമം, താറാവ്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, ദ്വന്ദയുദ്ധം എന്നീ ചിത്രങ്ങളിലൂടെയൊക്കെ ഹാസ്യത്തിന് പുതിയ മാനങ്ങള്‍ സമ്മാനിക്കാന്‍ മാളയ്ക്കു കഴിഞ്ഞു.