കേരളത്തിലെ കായലുകള്‍ക്ക് ഒബാമയുടെ പ്രശംസ

 

obama india1

കേരളത്തിലെ കായലുകള്‍ക്ക് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ.

ഡല്‍ഹി സിരിഫോര്‍ട്ടില്‍ അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് മില്‍ഖാസിങ്ങും കൈലാഷ് സത്യാര്‍ത്ഥിയും മേരികോമും ഷാരൂഖ് ഖാനും പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുംതലമുറയ്ക്കുവേണ്ടി പ്രകൃതിസൗന്ദര്യം സംരക്ഷിക്കുന്നതിനെപ്പറ്റി സംസാരിക്കവെയാണ് കേരളത്തിലെ കായലുകള്‍ മനോഹരമാണെന്ന് പറഞ്ഞത്.
‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ എന്ന ചിത്രത്തിലെ ഷാരുഖ് ഖാന്റെ പ്രശസ്തമായ സംഭാഷണം ഒബാമ ഉദ്ധരിച്ചു. ”സെനോറിറ്റ, ബഡേ ബഡേ ദേശോം മേം എയ്‌സി ഛോട്ടി ഛോട്ടി ബാത്തേം ഹോത്തി രഹ്തി ഹേം…….”(മാഡം, വലിയ വലിയ രാജ്യങ്ങളില്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും) എന്ന സംഭാഷണം കൈയടിയോടെയാണ് യുവാക്കള്‍ വരവേറ്റത്.

കഴിഞ്ഞതവണ വന്നപ്പോള്‍ മുംബൈയില്‍ ദീപാവലിക്ക് കുട്ടികള്‍ക്കൊപ്പം നൃത്തംചെയ്ത കാര്യം ഒബാമ ഓര്‍മിച്ചു. ഇത്തവണ അത്തരം പരിപാടികളൊന്നുംതന്നെ നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കിങ് ഖാന്റെ സംഭാഷണത്തിലേക്ക് ഒബാമ കടന്നത്. താന്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായല്ലോ എന്നും അദ്ദേഹം സദസ്സിനോട് ചോദിച്ചു.

മില്‍ഖാ സിങ്ങിന്റെയും മേരികോമിന്റെയും കൈലാസ് സത്യാര്‍ത്ഥിയുടെയും തൊലിയുടെ നിറമോ മതവിശ്വാസമോ അല്ല വിജയത്തിന് കാരണമായതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യത്തില്‍നിന്ന് കൂടുതല്‍ പേരെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

ലഗാന്‍ സിനിമയിലെ ‘എ മിത്വാ….’ എന്ന ഗാനം പശ്ചാത്തലത്തില്‍ ഉയര്‍ന്നപ്പോള്‍ ഒബാമ പ്രസംഗം അവസാനിപ്പിച്ച് മിഷേലിനൊപ്പം സദസ്സിലേക്ക് നീങ്ങി. കൈലാസ് സത്യാര്‍ത്ഥിയും അദ്ദേഹത്തിന്റെ ഭാര്യ സുമേധയുമായി ഒബാമ ദമ്പതിമാര്‍ കുശലാന്വേഷണം നടത്തി.