പിള്ളയുടെ നിലപാടുകള്‍ യുഡിഎഫ് തള്ളി

balakrishna pillai1

ബാലകൃഷ്ണ പിള്ളയെ തള്ളി യുഡിഎഫ്. ബാലകൃഷ്ണപിള്ളയുടെ നിലപാട് മുന്നണിമര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തി. ബിജു രമേശുമായുള്ള സംഭാഷണം ബാലകൃഷ്ണപിള്ള ഒഴിവാക്കേണ്ടതായിരുന്നു.ബാലകൃഷ്ണപിള്ളയുടെ സംഭാഷണത്തിലെ പല കാര്യങ്ങളോടും യുഡിഎഫിനു യോജിക്കാന്‍ കഴിയില്ല. മുന്നണി മര്യാദയ്ക്കു ചേര്‍ന്ന കാര്യമല്ല പിള്ളയുടെ വാചകങ്ങളില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്. സംഭാഷണം പിള്ള നിഷേധിച്ചിട്ടുമില്ല.യുഡിഎഫ് ഇക്കാര്യത്തില്‍ പൊതുവേ അസംതൃപ്തി രേഖപ്പെടുത്തിയെന്നും പി പി  തങ്കച്ചന്‍ പറഞ്ഞു.

ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു ദിവസങ്ങളേറെയായിട്ടും വിശ്വസനീയമായ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒന്നും പ്രാഥമിക തെളിവുകളുമല്ല. പണം കൊടുത്തുവെന്നു പറയുന്നവര്‍തന്നെ കാര്യങ്ങള്‍ നിഷേധിച്ചിട്ടുണ്ടല്ലോ? ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാറിനോടു പ്രതിഷേധവും നീരസവമുണ്ട്. ഇതു തീര്‍ക്കാന്‍വേണ്ടി സര്‍ക്കാറിനെ കരിവാരിത്തേക്കുകയാണ്. സര്‍ക്കാറിനോടു മന്ത്രമാരോടും വിരോധം തീര്‍ക്കാന്‍ വേണ്ടി ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ വിളിച്ചു പറയുകയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്കുതന്നെ തെളിവുകള്‍ കൊടുക്കാന്‍ കഴിയണം.

യു.ഡി.എഫ് ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് പറഞ്ഞതിന് ഘട്ടം ഘട്ടമായാണ് ഇപ്പോള്‍ ആരോപണവും ഉന്നയിക്കുന്നതെന്ന് പി.പി തങ്കച്ചന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്ന ആള്‍ തെളിവ് നല്‍കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. സാധാരണ ഉന്നയിക്കുന്നവരാണ് ഇത് തെളിക്കാറ്. ബാര്‍ മുതലാളിയുടെ ആക്ഷേപത്തിന്റെ പേരില്‍ ഹര്‍ത്താലിന് ഒരുങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും ബി.ജെ.പിയോടും സഹതാപമുണ്ട്. അഴിമതി ആരോപണമുള്ള എത്രയോ മന്ത്രിമാര്‍ ഇന്നു കേന്ദ്ര മന്ത്രിസഭയിലുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ആരോപണമുണ്ടായിട്ടില്ലേ? ആരെങ്കിലും രാജിവച്ചോ? – തങ്കച്ചന്‍ ചോദിച്ചു.

കെ.എം മാണിക്കെതിരായ പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതാണെന്ന് യോഗം വിലയിരുത്തി. പിള്ളയ്‌ക്കെതിരെ മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ യു.ഡി.എഫ് നടപടി ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിള്ള തെറ്റുതിരുത്തണമെന്നാണ് യു.ഡി.എഫില്‍ ഉയര്‍ന്നത്. വഴങ്ങിയില്ലെങ്കില്‍ യു.ഡി.എഫിന് പുറത്താണെന്ന് കണക്കാക്കാം എന്ന നിലപാടാണ് യു.ഡി.എഫിലുണ്ടായത്.

നേതാക്കന്മാര്‍ തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, ഇല്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഭാവിയിലുണ്ടാവുകയെന്നും തങ്കച്ചന്‍ പറഞ്ഞു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ യുഡിഎഫില്‍ പറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയോടു പറയണം. അല്ലാതെ പത്രത്തില്‍ ചെന്നു പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി കെ.എം. മാണിതന്നെ ബജറ്റ് അവതരിപ്പിക്കും. നിയമപ്രകാരമുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അതിനുള്ള സംരക്ഷണം നിയമസഭാ സ്പീക്കറില്‍നിന്നു പൂര്‍ണമായി ലഭിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.