റൊണാള്‍ഡോയെ രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കി

christiano ronaldo

ലാ ലിഗയില്‍ കൊര്‍ഡോബയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പു കാര്‍ഡുകണ്ട റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക്.  ലാ ലിഗ അച്ചടക്ക സമിതിയാണ് റൊണാള്‍ഡോയ്‌ക്കെതിരായ നടപടിയെടുത്തത്. കൊര്‍ഡോബ പ്രതിരോധ നിരക്കാരന്‍ എഡിമറെ ഫൗള്‍ ചെയ്തതിനാണ് റൊണാള്‍ഡോയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. സംഭവത്തില്‍ റൊണാള്‍ഡോ എഡിമറോട് ക്ഷമചോദിച്ചിരുന്നു.

കോര്‍ഡോബയ്‌ക്കെതിരെയുള്ള മത്സരത്തിന്റെ എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എഡിമര്‍ ഫ്രാഗയെ ഇടിച്ചുവീഴ്ത്തിയത്.  ഇത് ചോദ്യം ചെയ്യാനെത്തിയ താരങ്ങളെയും റൊണാള്‍ഡോ കൈയേറ്റം ചെയ്തു. ഒട്ടുമാലോചിക്കാതെ റഫറി റൊണാള്‍ഡോയ്ക്ക് ചുവപ്പു കാര്‍ഡും നല്‍കി. ഇതേസമയം, കളിക്കളത്തില്‍ മോശമായി പെരുമാറിയതിന് എഡിമറോടും മറ്റുതാരങ്ങളോടും  റൊണാള്‍ഡോ ട്വിറ്ററിലൂടെ ക്ഷമചോദിച്ചു. ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ഗോളുകളുയമായി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോ.

സ്പാനിഷ് ലീഗ് മത്സരത്തിനിടെ കോര്‍ഡോബ താരത്തെ ഇടിച്ചുവീഴ്ത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് നെയ്മര്‍ ആവശ്യപ്പെട്ടിരുന്നു.കടുത്ത ശിക്ഷ നല്‍കിയാലേ താനുള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കൂ എന്നായിരുന്നു നെയ്മരിന്റെ അഭിപ്രായം.