ആധാര്‍ വിവര സാങ്കേതിക മന്ത്രാലയത്തിന് കൈമാറുന്നു.

aadhaar

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യയെ വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്ലാനിങ് കമ്മീഷന്‍ പരിഷ്‌കരിച്ചതോടെയാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നതെന്നാണ് സൂചന. അതോറിട്ടിയെ ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിവര സാങ്കേതിക മന്ത്രാലയം മറ്റു വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതു സംബന്ധിച്ച് മന്ത്രിസഭാ കുറിപ്പ് ഉടന്‍ തയ്യാറാക്കുമെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 61 ശതമാനം പേര്‍ക്ക് ആധാര്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ജൂണോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും ആധാര്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കുന്നതിന് ആധാര്‍ ഉപയോഗിക്കുന്നത് പരിഗണനയിലുണ്ട്. തിരിച്ചറിയലിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സുമായും ആധാര്‍ ലിങ്ക് ചെയ്യും. നിലവില്‍ പാസ്‌പോര്‍ട്ട്, മൊബൈല്‍ സിം കാര്‍ഡ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എന്നിവയുമായി ആധാര്‍ ലിങ്ക് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. 15 സംസ്ഥാനങ്ങളില്‍ ആധാര്‍ എന്‍റോള്‍മെന്റ് 90 ശതമാനത്തിന് മുകളിലായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.