ജിജി തോംസണ്‍ ചീഫ് സെക്രട്ടറി

jiji thomson

പുതിയ ചീഫ്‌സെക്രട്ടറിയായി നിലവിലെ പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനവരി 31ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ വിരമിക്കുമ്പോഴാണ് നിയമനം പ്രാബല്യത്തില്‍  വരിക. 1980 ബാച്ചില്‍പ്പെട്ട കേരള കേഡര്‍ ഐ.എ.എസ് ഓഫീസറായ ജിജി തോംസണ് 2016 ഫിബ്രവരി വരെ കാലാവധിയുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനമൊഴിഞ്ഞശേഷം കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഈ മാസം ആദ്യമാണ് സംസ്ഥാന സര്‍വീസില്‍ മടങ്ങിയെത്തിയത്.

സ്‌പോര്‍ട്‌സ് അതോറിട്ടിയുടെ തലപ്പത്തെത്തിയ ആദ്യമലയാളിയാണ്.ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചുമതല വഹിച്ചിരുന്നു.  പാലക്കാട് ജില്ലാ കളക്ടറായാണ് ജിജി തോംസണിന്റെ ഔദ്യോഗിക തുടക്കം. തുടര്‍ന്ന് സംസ്ഥാന സര്‍വീസില്‍ വിവിധ ചുമതലകള്‍ വഹിച്ചു. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍, വ്യവസായം, ജലവിഭവം, ആസൂത്രണം, ഗതാഗതം, കൃഷി, സ്‌പോട്‌സ്, യുവജനക്ഷേമം, സാമൂഹികനീതി തുടങ്ങി വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് എം.ഡി.യുമായിരുന്നു.

തിരുവനന്തപുരം ശാസ്തമംഗലത്ത് സൈനിക ഉദ്യോഗസ്ഥനായിരുന്ന ഈശോ തോമസിന്റെയും കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന പരേതയായ അന്നാമ്മ തോമസിന്റെയും മകനാണ്. ഭാര്യ ഷീലു. മക്കള്‍ മിറിയ (ദുബായ്), അന്ന (ലണ്ടന്‍).