ഗെയിംസ് വില്ലേജ് തുറന്നില്ല

national games

ദേശീയ ഗെയിംസ് തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ താരങ്ങള്‍ക്ക് താമസത്തിനുള്ള ദേശീയ ഗെയിംസ് വില്ലേജ് തുറന്നില്ല.ബുധനാഴ്ച നടത്താനിരുന്ന വില്ലേജിന്‍െറ ഉദ്ഘാടനം ജനുവരി 31ലേക്ക് മാറ്റി. അതേസമയം, ടീമുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് തല്‍ക്കാലം ഹോട്ടലുകളില്‍ താമസസൗകര്യമൊരുക്കി. വെള്ളത്തിന്‍െറ കണക്ഷന്‍ ശരിയാക്കാന്‍ വൈകിയതാണ് പ്രശ്നമായത്. വെള്ളത്തിന്‍െറ പ്രശ്നം പരിഹരിച്ച് താരങ്ങള്‍ക്ക് ഇന്നു മുതല്‍ വില്ലേജ് തുറന്നുകൊടുക്കും. വ്യാഴാഴ്ച 11 ടീമുകള്‍ കൂടി തലസ്ഥാനത്ത് എത്തും. ഗെയിംസ് വില്ലേജ് ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റിന്‍െറ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റമെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഗെയിംസ് വില്ലേജ് നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

മണിപ്പൂരില്‍നിന്നുള്ള ടീം ബുധനാഴ്ച രാവിലെ ആലപ്പുഴയിലത്തെി. ഹരിയാന, ജമ്മുകശ്മീര്‍ താരങ്ങള്‍ ബുധനാഴ്ച കേരള എക്സ്പ്രസില്‍ തലസ്ഥാനത്ത് എത്തി. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. വില്ളേജ് തുറക്കുന്നതുവരെ ഇവര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഒരുക്കേണ്ടി വരും.
സര്‍വിസസിന്‍െറ യോട്ടിങ് ടീമും മണിപ്പൂരിന്‍െറ ലോണ്‍ബാള്‍ ടീമുകള്‍ ബുധനാഴ്ച കൊച്ചിയിലത്തെി. സര്‍വിസസ് ടീമിനെ എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പരിശീലകനടക്കം എട്ടംഗസംഘവുമായാണ് സര്‍വിസസ് എത്തിയത്. എന്നാല്‍, ഇവരില്‍ പലരും വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് ദേശീയ ഗെയിംസില്‍ മത്സരിക്കുന്നത്. മുനമ്പം ബീച്ചിലാണ് യോട്ടിങ് മത്സരങ്ങള്‍ നടക്കുന്നത്. വരുംദിവസങ്ങളില്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനിറങ്ങും.

മണിപ്പൂരിന്‍െറ ആര്‍ച്ചറി ടീം വ്യാഴാഴ്ച രാവിലെയത്തെും. 30 മുതല്‍ ടീമുകള്‍ എത്തുമെന്നാണ് ഒൗദ്യോഗിക വിവരമെങ്കിലും ആഴ്ച ട്രെയിനുകളുടെ ഷെഡ്യൂള്‍ നോക്കിയാണ് എത്തുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകുന്ന ആര്‍ച്ചറി മത്സരങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെയാണ് നടക്കുന്നത്.
ഗെയിംസ് വേദിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ച്, കായിക താരങ്ങള്‍ക്ക് പരിശീലന സൗകര്യം ഒരുക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.