വീക്ഷണരേഖയുമായി ഡല്‍ഹിയില്‍ ബി ജെ പി

mh election

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി പ്രത്യേകം തയ്യാറാക്കിയ വീക്ഷണരേഖ പുറത്തിറക്കാനാണ് ബി.ജെ.പി തീരുമാനം.പാര്‍ട്ടിഅധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. രണ്ട് ദിവസത്തിനകം പുറത്തിറക്കുന്ന വീക്ഷണരേഖ ഡല്‍ഹിയുടെ ഭാവിവികസനം സംബന്ധിച്ച പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ പ്രഖ്യാപിക്കും. കൂട്ടത്തില്‍ ജനക്ഷേമപരിപാടികളെപ്പറ്റിയും വ്യക്തമാക്കും.ഇതിനിടെ, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദി സ്വന്തം നിലയ്ക്ക് പ്രകടനപത്രിക പുറത്തിറക്കിയത് വിവാദമായി. പാര്‍ട്ടിപത്രിക പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലാണ് സ്വന്തം വികസന കാഴ്ചപ്പാടുമായി ബേദി രംഗത്തുവന്നത്. ഇത് പാര്‍ട്ടിയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് അടുത്തിട്ടും ഇതുവരെ പ്രകടനപത്രിക പുറത്തിറക്കാത്തതില്‍ പാര്‍ട്ടിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വീക്ഷണരേഖ പുറത്തിറക്കേണ്ടിവന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക ഈ മാസം തുടക്കത്തില്‍ത്തന്നെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റേത് കഴിഞ്ഞ ആഴ്ചയും. അടുത്തദിവസങ്ങളില്‍ തിരഞ്ഞെടുപ്പുപ്രചാരണം ശക്തമാക്കുമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 120 എം.പി.മാരേയും കൂടാതെ കേന്ദ്രമന്ത്രിമാരേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കും.എഴ് തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും സൂചനയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതാതിടത്തെ പാര്‍ട്ടി നേതാക്കളും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്സിന്റെ 84 മുഴുവന്‍സമയ പ്രവര്‍ത്തകരേയും പ്രചാരണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്സിന്റെ പ്രചാരണം വിജയകരമായിരുന്നുവെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിനു പിന്നില്‍.