MH370 അപകടം തന്നെയെന്ന് മലേഷ്യ

mh 370

എം.എച്ച്. 370 കാണാതായ സംഭവം അപകടമാണെന്നും വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും മരിച്ചതായും മലേഷ്യാ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെങ്കിലും യാത്രക്കാരുടെ ബന്ധുക്കളില്‍ സര്‍ക്കാര്‍പ്രഖ്യാപനം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാറിനുവേണ്ടി വ്യോമയാനമേധാവി അസറുദ്ദീന്‍ അബ്ദുല്‍റഹ്മാനാണ് ടെലിവിഷനിലൂടെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് എട്ടിനാണ് കൊലാലമ്പൂരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ 239 യാത്രക്കാരും ജീവനക്കാരുമായി എം.എച്ച്. 370 കാണാതായത്. വിമാനത്തിന്റെ അപ്രത്യക്ഷമാകല്‍ ദുരൂഹതയായി അവശേഷിക്കെയാണ് വ്യാഴാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി എയര്‍ലൈന്‍കമ്പനിയെ സമീപിക്കാന്‍ സര്‍ക്കാര്‍പ്രഖ്യാപനം സഹായിക്കുമെന്ന് അസറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍നടപടിയെ വിമര്‍ശിച്ച ഫിലിപ് വുഡ് എന്ന യാത്രക്കാരന്റെ ഭാര്യ അപകടത്തിന്റെ തെളിവ് ലഭിക്കുന്നതുവരെ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ ദിശമാറ്റത്തിനുള്ള ആവശ്യത്തോട് ശരിയായി പ്രതികരിക്കാതിരുന്ന മലേഷ്യ എയര്‍ലൈന്‍സും സര്‍ക്കാറുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് രോഷാകുലരായ ബന്ധുക്കള്‍ ആരോപിച്ചു. ഉപഗ്രഹങ്ങളില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം അജ്ഞാതമായ കാരണങ്ങളാല്‍ വിമാനം ഇന്ത്യാ മഹാസമുദ്രത്തിന്റെ വിദൂരമായ ദക്ഷിണഭാഗത്തേക്ക് വഴിമാറിപ്പോയതായാണ് മലേഷ്യാ അധികൃതര്‍ പറയുന്നത്.