മോദിസര്‍ക്കാര്‍ തന്റെ സല്‍പ്പേര് നശിപ്പിച്ചെന്ന് സുജാതസിങ്‌

sujatha singh

കേന്ദ്രസര്‍ക്കാര്‍ തന്റെ സല്‍പ്പേര് നശിപ്പിച്ചെന്ന് വിദേശകാര്യസെക്രട്ടറി പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട സുജാതസിങ് ആരോപിച്ചു.  ഔദ്യോഗികരംഗത്ത് കെട്ടിപ്പടുത്ത കീര്‍ത്തി ഒറ്റ ദിവസം കൊണ്ടാണ് അവര്‍ തകര്‍ത്തത്.  ഇതിന്റെ ആവശ്യമെന്തായിരുന്നെന്നും അവര്‍  ചോദിച്ചു. സ്വകാര്യ ടി.വി. ചാനലില്‍ സംസാരിക്കവെയായിരുന്നു  സുജാത സിങ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.

മാന്യമായ വിടവാങ്ങലായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇത്രനീചവും വൃത്തികെട്ടതുമായ രീതിയില്‍ എന്തിനാണ് പ്രവര്‍ത്തിച്ചതെന്ന് അവര്‍ ചോദിച്ചു. പുറത്താക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തേയെടുത്തതാണ്. അതുമാറ്റാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു.  വിദേശകാര്യ സെക്രട്ടറി എന്നനിലയില്‍ വിദേശനയം മുന്നോട്ടുകൊണ്ടുപോകാന്‍ എട്ടുമാസം നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. സ്വന്തംനിലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്കോ വിദേശകാര്യമന്ത്രിക്കോ ഈ നേട്ടമുണ്ടാക്കാനാവുമായിരുന്നില്ലെന്ന് സുജാത പറഞ്ഞു.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ ആണവക്കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും കാര്യമായി പ്രവര്‍ത്തിച്ചു. വിദേശകാര്യസെക്രട്ടറി പദമൊഴിയാന്‍ കഴിഞ്ഞവര്‍ഷം നിര്‍ദേശിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ ശരിയാണെന്ന് അവര്‍ സമ്മതിച്ചു. മൂന്നുവര്‍ഷത്തെയോ അഞ്ചുവര്‍ഷത്തെയോ ഭരണഘടനാ പദവിയില്‍ താത്പര്യമില്ലായിരുന്നു. വിദേശകാര്യമന്ത്രാലയത്തോടും ഐ.എഫ്.എസ്. പദവിയോടുമാണ് ഉത്തരവാദിത്വമെന്നതിനാല്‍ വാഗ്ദാനം നിരസിച്ചു – അവര്‍ പറഞ്ഞു.