ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി

ജനങ്ങള്‍ വികസനത്തിനാണു വോട്ട് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വൈകാരിക വിഷയങ്ങള്‍ക്കല്ല, അവര്‍ വികസനത്തിനാണു വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു.

Modi at BJP hq

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തു ബിജെപിയുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Modi and amit shahji

പുതിയ സര്‍ക്കാരുകളെ തിരഞ്ഞെടുക്കുന്നതിനൊപ്പം പൊതു അവബോധവും ജനാധ്യപത്യവും അതിന്റെ ജനങ്ങളും തമ്മിലുള്ള അടുപ്പം ആഴത്തിലാക്കുന്നതിനുമുള്ള ഉപാധിയാണു തിരഞ്ഞെടുപ്പുകള്‍. നേരത്തെ, വികസനം എന്നതു തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടികള്‍ മടിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ അതു പ്രധാനപ്പെട്ട വിഷയമാക്കി മാറ്റിയെന്നും മോദി പറഞ്ഞു.

പുതിയ ഇന്ത്യ ഉദയം ചെയ്തു കഴിഞ്ഞു. 125 കോടി ഇന്ത്യക്കാരുടെ കരുത്തിലും കഴിവിലുമാണ് ഇന്ത്യ ഇതിന് പ്രാപ്തമായത്. ഈ ഇന്ത്യ നില കൊള്ളുന്നത് വികസനത്തിനു വേണ്ടിയാണെന്നും മോദി പറഞ്ഞു. 2020ഓടെ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, അംബേദ്ക്കര്‍ എന്നിവര്‍ക്ക് അഭിമാനിക്കാവുന്ന ഇന്ത്യയെ നമ്മള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. ഇത്രയും വലിയ വിജയം നല്‍കിയതില്‍ ബിജെപി വിനയാന്വിതരാകുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ എപ്പോഴൊക്കെ തിരഞ്ഞെടുപ്പു നടന്നിട്ടുണ്ടോ അപ്പോഴൊക്കെ ബിജെപിയുടെ വോട്ട് വിഹിതം കൂടുകയാണ്. റെക്കോര്‍ഡ് ഭേദിക്കുന്നതില്‍ പാര്‍ട്ടി മികവു പുലര്‍ത്തുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ദേശീയ നേതൃത്വം, സംസ്ഥാന ഘടകം തുടങ്ങിയവയ്ക്കാണ് മുഴുവന്‍ ക്രെഡിറ്റും. അവരെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.