ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലവാധി ഡിസംബര്‍ 31 ലേക്ക് നേരത്തെ നീട്ടിയിരുന്നു.

സര്‍ക്കാര്‍ സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ കൂടിയേതീരൂവെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു. സ്വകാര്യതക്കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത് ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്.