ആധാര്‍ ഭൂമാഫിയകള്‍ക്കെതിരായ ആയുധമെന്ന് പ്രധാനമന്ത്രി

ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള പ്രധാന ആയുധമാണ് ആധാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആധാറുമായി ബന്ധപ്പെട്ട് പലരും അനാവശ്യ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. റേഷന്‍ വിതരണം, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ സബ്സിഡികള്‍ എന്നിവയെല്ലാം ജനങ്ങളില്‍ ശരിയായ രീതിയില്‍ എത്തിക്കാന്‍ ആധാര്‍ സംവിധാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതും ജന്‍ധന്‍ അക്കൗണ്ടുകള്‍ നിലവില്‍ വന്നതും സമൂഹത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്.

മുമ്പ് പെന്‍ഷനുകള്‍ അര്‍ഹതപ്പെ ലഭിക്കാതെ അനേകം കള്ള അക്കൗണ്ടുകളിലേക്കായിരുന്നു പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതിനെയെല്ലാം ആധാറുമായി ബന്ധിപ്പിച്ചതിനാല്‍ തട്ടിപ്പുകള്‍ ഇല്ലാതായി. ഇപ്പോള്‍ ഭൂമി തട്ടിപ്പുകാര്‍ക്കെതിരേ പോരാടാനാണ് ആധാര്‍ ഉപയോഗിച്ച് വരുന്നത്. ഇത്തരക്കാര്‍ക്കെതിരേ പോരാടുള്ള ഏറ്റവും നല്ല ആയുധമാണ് ആധാറെന്നും പ്രധാനമന്ത്രി പറഞ്ഞു.  നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റ രീതിയില്‍ മാറ്റം വരുത്തി.

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആദ്യമായി നോട്ട് നിരോധനം കൊണ്ട് കള്ളപ്പണക്കാര്‍ നല്ല രീതിയില്‍ പേടിച്ചു. രാജ്യത്ത് ഇന്ന് പണമിടപാടുകള്‍ക്ക് ശരിയായ കണക്കുണ്ട്. ശരിയായ സാങ്കേതിക വിലാസമുണ്ട്. ബാങ്കുകളില്‍ വലിയ തോതില്‍ എത്തിപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെ ഒഴുക്കു തടയാന്‍ നോട്ട് നിരോധനം കൊണ്ട് സാധിച്ചതായും മോദി ചൂണ്ടിക്കാട്ടി.

കള്ളപ്പണം തടയാന്‍ സ്വത്തിടപാടുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും ഈയടുത്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂമി തട്ടിപ്പുകാര്‍ക്കെതിരെ പോരാടാന്‍ ആധാര്‍ ഏറ്റവും നല്ല ആയുധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.