ആധാര്‍ നിര്‍ബന്ധമല്ല, ആറ് സേവനങ്ങള്‍ക്ക് കൂടി ബാധകമാക്കാം: സുപ്രീംകോടതി

AADHAR

ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ സേവനപദ്ധതികള്‍ക്കായി ഇവ ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.

എല്‍.പി.ജിയുടെ സബ്‌സിഡിക്കായി ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. അതേ പോലെ ആറ് സേവനങ്ങള്‍ക്ക് കൂടി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ആധാര്‍ കാര്‍ഡ് നിബന്ധമാക്കുന്ന കാര്യത്തില്‍ കേസിന്റെ അവസാനവിധി വരുന്നതോടെമാത്രമേ വ്യക്തതയുണ്ടാകു.

തൊഴിലുറപ്പ്, പെന്‍ഷന്‍, ജന്‍ധന്‍ യോജന തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാരിന് ഇവ ഉപയോഗിക്കാനാകും. എന്നാല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. എല്‍.പി.ജിയുടെ കാര്യത്തിലെന്നപോലെ ഗുണഭോക്താക്കള്‍ക്ക് സ്വയം തീരുമാനിക്കാനാകും.