നടിയെ ആക്രമിച്ചതില്‍ തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് ദിലീപ്

കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് നടന്‍ ദിലീപ്. തന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമമായിരുന്നു ആരോപണങ്ങളെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ സംസാരിക്കവെയാണ് ദിലീപ് വിവാദവിഷയങ്ങളില്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത് മുംബൈയില്‍നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തില്‍നിന്നാണെന്നാണ് മനസിലാക്കുന്നത്. കേസില്‍ തന്നെ ചോദ്യം ചെയ്തു, മഫ്തിയില്‍ പോലീസ് വന്നു എന്നിങ്ങനെ വാര്‍ത്തകള്‍ വന്നു. തന്റെ പ്രേക്ഷകരുടെ മനസില്‍ വിഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നുണ്ടായത്. താന്‍ മാധ്യമവേട്ടയുടെ ബലിയാടായി. നടിക്കെതിരായി ക്വട്ടേഷന്‍ എന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ക്വട്ടേഷന്‍ തനിക്കെതിരേയായിരുന്നു. തനിക്ക് ഇത്രയധികം ശത്രുക്കളുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരോടാണ് തനിക്കു കാര്യങ്ങള്‍ വിശദീകരിക്കേണ്ടതെന്നും ദിലീപ് പറഞ്ഞു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. സംഭവത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരെക്കാളും തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. സംവിധായകരായ സത്യന്‍ അന്തിക്കാട്, വി.കെ.പ്രേം പ്രകാശ്, നാദിര്‍ഷാ, ഗോപിസുന്ദര്‍, ബിജു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.