മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം

പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദേശം നല്‍കി. അതേസമയം എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ  എസിപി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവര്‍ ഗവാസ്‌കറുടെയും എഡിജിപിയുടെ മകളുടെയും പരാതിയില്‍ അന്വേഷണം നടത്തും. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന എഡിജിപിയുടെ മകളുടെ പരാതിയും അന്വേഷിക്കും.

എഡിജിപിയുടെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്‍ പറഞ്ഞിരുന്നു. എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു ഗവാസ്കറുടെ  പരാതി. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് ഡ്രൈവര്‍ ഗവാസ്കര്‍ പറഞ്ഞു. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും.  മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍ദം ചെലുത്തിയെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.