അഴിമതി ആരോപണം: രണ്ട് മന്ത്രിമാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി

അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് മന്ത്രിമാരെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി.

ഖനന-ധാതു വകുപ്പ് മന്ത്രി ഗായത്രി പ്രജാപതി, പഞ്ചായത്ത് രാജ് മന്ത്രി രാജ് കിഷോര്‍ സിങ് എന്നിവരെയാണ് മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.

അനധികൃത ഖനനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതിനാണ് ഖനി മന്ത്രി പ്രജാപതി നടപടി നേരിട്ടത്.

ഭൂമിതട്ടിപ്പിനും കൈയ്യറ്റത്തിനുമാണ് പഞ്ചായത്ത് മന്ത്രി രാജ് കിഷോര്‍ സിങിനെ പുറത്താക്കിയത്.

അനധികൃത ഖനന അഴിമതി മറയ്ക്കാനുള്ള പുകമറയാണ് പുറത്താക്കല്‍ അഭ്യാസമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

ജൂലൈ 28ന് ആണ് അലഹബാദ് ഹൈക്കോടതി ഖനി അഴിമതിയില്‍ സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടത്.

കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതൃത്വം മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തത്.

സംസ്ഥാനത്തെ അനധികൃത ഖനനത്തിനെതിരെ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച യുപി സര്‍ക്കാര്‍ തിരിച്ചടി നേരിട്ടതോടെയാണ് മന്ത്രിയെ നീക്കാന്‍ നിര്‍ബന്ധിതമായത്.