പുഴകളിൽ ജലം ക്രമാതീതമായി ഉള്‍വലിയുന്നു; ബോട്ട് സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി

പ്രളയക്കെടുതിക്ക് ശേഷം കായലുകളിലെയും പുഴകളിലേയും വെള്ളം ക്രമാതീതമായി താഴുന്ന പ്രതിഭാസം ബോട്ട് സര്‍വീസുകളെ സാരമായി ബാധിക്കുന്നു. ആലപ്പുഴയിലെ ബോട്ട് സര്‍വീസുകളെയാണ് ജലനിരപ്പ് കുറയുന്നത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ജലനിരപ്പ് കുറവ് മൂലം ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ ഇന്ന് രാവിലെ മുതല്‍ ആലപ്പുഴ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്നതിന് പകരം  മുല്ലക്കലിലുള്ള മാതാ ജെട്ടിയില്‍ നിന്നാണ് പുറപ്പെട്ടത്.

ആലപ്പുഴ നഗരത്തിന് നടുവിലൂടെയുള്ള കനാലുകളില്‍ അസാധാരണമായ രീതിയിലാണ് ഇപ്പോള്‍ ജലനിരപ്പ് താഴുന്നത്. കനാലില്‍ നിന്ന് വെള്ളം വലിഞ്ഞ് ആഴം കുറഞ്ഞ് ബോട്ടുകള്‍ അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ജെട്ടിയില്‍ നിന്നുള്ള ബോട്ട് ഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചിരുന്നു.

മുന്‍ കാലങ്ങളില്‍ കനാലുകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ഈ സമയത്ത് ഇത് അസാധാരണമായ പ്രതിഭാസമാണ്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന കനാലുകളിലെ ജലനിരപ്പാണ് ഇപ്പോള്‍ അസാധാരണമായി വെള്ളം വലിയുന്നത്.