ആലപ്പോയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി സിറിയന്‍ സര്‍ക്കാര്‍ നിര്‍ത്തി

വിമതര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് സിറിയന്‍ സര്‍ക്കാര്‍ ആലപ്പോയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി നിര്‍ത്തിവെച്ചു. സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പ്രധാന നഗരങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വിമതര്‍ തടസപ്പെടുത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ആലപ്പോയില്‍ നിന്ന് ഇദ്‌ലിബിലേ്ക്ക് സാധാരണക്കാരെ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെ റമോഷെയില്‍ വെച്ച് വെടിവെപ്പുണ്ടായി. സൈന്യവും വിമതരും ഇത് സംബന്ധിച്ച് പരസ്പരം ആരോപണമുന്നയിക്കുകയാണ്.

ആലപ്പോയില്‍ വെടിനിര്‍ത്തല്‍ നടപ്പായതോടെയാണ് പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി സാധ്യമായത്. ആയിരത്തോളം വരുന്ന സാധാരണക്കാരുടെ ആദ്യ സംഘം ഇദ്‌ലിബ് പ്രവിശ്യയില്‍ സുരക്ഷിതമായി എത്തിയെന്നും ആദ്യ ഘട്ട നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും റെഡ് ക്രോസ് അറിയിച്ചിരുന്നു.