കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം

കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്.