കുമ്പസാര നിരോധനം; ദേശീയ വനിത കമ്മീഷനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട ദേശീയ വനിത കമ്മിഷനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടേത് വ്യക്തിപരമായ നിലപാടാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായത്തോട് കേന്ദ്ര സര്‍ക്കാരിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവിശാസങ്ങളില്‍ മോദി സര്‍ക്കാര്‍ ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.

വൈദികര്‍ക്കെതിരായ പീഡന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് വനിത കമ്മിഷന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ട് നല്‍കി. സ്ത്രീകള്‍ ബ്ലാക്ക്‌മെയിലിങ്ങിനിരയാകാന്‍ കുമ്പസാരം ഇടയാക്കുമെന്നായിരുന്ന കമ്മിഷന്‍ന്റെ നിലപാട്.

ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കണമെന്ന് കേന്ദ്ര വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. മതപരമായ കാര്യത്തിലല്ല സത്രീകളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും വനിത കമ്മിഷന്‍ പറഞ്ഞു. വൈദികര്‍ക്കെതിരായ കേസില്‍ പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിത കമ്മീഷന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. വൈദികര്‍ പ്രതികളായ പീഡനക്കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര വനിത കമ്മിഷന്‍ ഇടപെടല്‍. കേസുകളില്‍ വൈദികര്‍ക്ക് രാഷ്ട്രീയ സഹായം നല്‍കുന്നുണ്ടെന്നും രേഖ ശര്‍മ്മ ആരോപിച്ചു.