തൊഴിലില്ലായ്മയെക്കാള്‍ നല്ലത് തെരുവ് കച്ചവടക്കാരനാകുന്നതാണ്; രാജ്യസഭയിലെ കന്നിപ്രസംഗത്തില്‍ അമിത് ഷാ

തൊഴിലില്ലായ്മയെക്കാള്‍ നല്ലതാണ് തെരുവു കച്ചവടക്കാരനാകുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് അമിത് ഷായുടെ അഭിപ്രായപ്രകടനം. മോദിയുടെ പക്കാവട പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിമര്‍ശിച്ചതിനെതിരായിരുന്നു അമിത് ഷായുടെ അഭിപ്രായം.

മുദ്രാ സ്‌കീമിനു കീഴില്‍ യുവാക്കള്‍ പക്കാവട വില്‍ക്കുകയാണെന്ന ചിദംബരം സാറിന്റെ ട്വീറ്റ് ഞാന്‍ വായിച്ചു. ഇതൊരു ജോലിയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഭിക്ഷയെടുത്തല്ലാതെ തൊഴിലെടുത്ത് സമ്പാദിക്കുന്നതാണ് നല്ലത്. അവരുടെ അടുത്ത തലമുറ വ്യവസായികളായി മാറും, ഇതായിരുന്നു അമിത് ഷായുടെ അഭിപ്രായം. ഒരു ചായക്കടക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ പക്കാവട വില്‍ക്കുന്നവര്‍ക്ക് പോലും 200 രൂപ കൂലിയുണ്ടെന്നും അതുകൊണ്ട് അയാളെയും തൊഴിലുള്ളവനായി പരിഗണിക്കാമെന്നും ഒരു അഭിമുഖത്തിലാണ് മോദി പറഞ്ഞത്.

കന്നി പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ പദ്ധതികളെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുമായിരുന്നു അമിത് ഷായുടെ ആദ്യ രാജ്യസഭാ പ്രസംഗം. സർജിക്കല്‍ സ്ട്രൈക്കിനെ ചരിത്ര നിമിഷമെന്നു വിശേഷിപ്പിച്ച അമിത് ഷാ, മുത്തലാഖ്, രാജ്യത്തെ തൊഴിൽ പ്രശ്നം, ജിഎസ്ടി, ശുചിത്വമിഷൻ തുടങ്ങിയവയിലെല്ലാം തന്റെ നയം വ്യക്തമാക്കി. #ShahSpeaksInRajyaSabha എന്ന ഹാഷ്ടാഗും പ്രസംഗ സമയത്ത് ട്വിറ്ററിൽ ട്രെൻഡായി.

പ്രസംഗത്തിലെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍

വികസനം വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ ബിജെപി സർക്കാരിനെ തെരഞ്ഞെടുത്തത്. പാവപ്പെട്ടവരുടെയും കർഷകരുടെയും വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. 70 വർഷമായി ഒരു കുടുംബത്തിന്റെ കൈപ്പിടിയിലായിരുന്നു ഇന്ത്യ. പിന്നീട് അവരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു. ഇന്നു രാജ്യമെമ്പാടും ജനങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്.

രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ് കശ്മീർ വിഷയം. കഴിഞ്ഞ 35 വർഷവും കശ്മീർ അശാന്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മികച്ച രീതിയിൽ ഇപ്പോൾ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ചരിത്രനിമിഷമായിരുന്നു സർജിക്കൽ സ്ട്രൈക്ക്. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടു തന്നെ മാറി. അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം സ്വന്തം രാജ്യത്തെ പട്ടാളക്കാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നു തെളിയിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഭീഷണികളെ നേരിടാൻ സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്ന രാജ്യമായിരിക്കുന്നു ഇന്ത്യ.

ശുചിമുറികൾ നിർമിക്കാൻ മുൻ സർക്കാരുകൾ പദ്ധതി തയാറാക്കിയത് കടലാസിൽ മാത്രമായിരുന്നു. എന്നാൽ നിലവിലെ സർക്കാർ ഏഴു കോടി ശുചിമുറികളാണു നിർമിക്കുക. പൊതുസ്ഥലത്ത് എങ്ങനെ വിസർജനം നടത്തുമെന്ന് ആശങ്കപ്പെട്ടിരുന്ന വനിതകൾ ഇന്ന് അതുമാറി തങ്ങളുടെ ജോലിയെപ്പറ്റിയും രാജ്യത്തിന്റെ ഭാവിയെപ്പറ്റിയുമെല്ലാമാണ് ചിന്തിക്കുന്നത്.

‘ഗരീബീ ഹഠാവോ’ എന്നു പറഞ്ഞ് പലരും വന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചത് ബിജെപിയാണ്. തൊഴിലവസരങ്ങളൊരുക്കുക എന്നത് ശ്രദ്ധിക്കേണ്ട മേഖല തന്നെയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷം ഏറെ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്നത്തെ അവസ്ഥയ്ക്കു കാരണം കഴിഞ്ഞ 60 വർഷമായുള്ള സർക്കാരുകളുടെ പ്രവർത്തന ഫലമാണെന്നോർക്കണം. യുവാക്കൾക്ക് ഉൾപ്പെടെ ജോലി കണ്ടെത്തിക്കൊടുക്കാൻ കേന്ദ്രം പദ്ധതികൾക്കു രൂപം നൽകിക്കഴിഞ്ഞു.

രാജ്യത്തെ ശക്തമാക്കുന്നതിനാണ് കടുത്ത തീരുമാനങ്ങളെടുക്കുന്നത്. അത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിലെടുത്ത ഏറ്റവും വലിയ പരിഷ്കാരമായിരുന്നു ജിഎസ്ടി. ഈ നികുതി വ്യവസ്ഥയ്ക്കെതിരെ ഒരിക്കലും ബിജെപി എതിരായിരുന്നില്ല. യുപിഎ അതിനെ കൈകാര്യം ചെയ്ത രീതിയെയാണ് എതിർത്തത്. യുപിഎ സർക്കാരിനെ സംസ്ഥാന സർക്കാരുകൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ജിഎസ്ടി വിഷയത്തിൽ സംസ്ഥാനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ എൻഡിഎയ്ക്കു സാധിച്ചു.

ജിഎസ്ടിയെ ഗബ്ബർ സിങ് ടാക്സ് എന്നു വിളിച്ചു കളിയാക്കുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ ജിഎസ്ടിയിൽ നിന്നുള്ള പണം എവിടേക്കാണു പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അത് അതിർത്തിയിലെ പട്ടാളക്കാർക്കും പാവപ്പെട്ടവർക്ക് പാചകവാതക സബ്സിഡി നൽകാനും വൈദ്യുതിയെത്താത്ത വീടുകളിൽ വിളക്കു തെളിക്കാനുമാണ് ഉപയോഗിക്കുന്നത്.

വൺ റാങ്ക് വൺ പെൻഷനിൽ വാഗ്ദാനങ്ങൾ മാത്രം മുൻസർക്കാരുകൾ നൽകിയപ്പോൾ നിലവിലെ സർക്കാരാണ് അത് യാഥാർഥ്യമാക്കിയത്.

മുത്തലാഖിനെ എതിർക്കുന്നതാണ് കേന്ദ്ര സർക്കാർ നയം. മുസ്ലീം വനിതകൾക്കും അമ്മമാർക്കും സഹോദരിമാര്‍ക്കും സ്വാതന്ത്ര്യത്തോടെ, ആരെയും ഭയക്കാതെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമങ്ങളെല്ലാം. എന്നാൽ മുത്തലാഖ് ബില്ലിനെ തടയുകയാണ് കോൺഗ്രസ് ചെയ്തത്. ബിൽ പാസ്സാക്കാൻ രാജ്യസഭ സഹകരിക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു.

പാവപ്പെട്ടവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പു വരുത്താനാണ് ഈ വർഷത്തെ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റെല്ലാ വാഗ്ദാനങ്ങളെയും പോലെ ഇതും വൈകാതെ യാഥാർഥ്യമാകും.

ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും തെരഞ്ഞെടുപ്പോടെ ഒരുകാര്യം വ്യക്തമാണ്– നാടുവാഴിത്ത രാഷ്ട്രീയത്തെയും ജാതി–മത രാഷ്ട്രീയത്തെയും നരേന്ദ്രമോദി സർക്കാർ പിഴുതെറിഞ്ഞിരിക്കുകയാണ്. ഇപ്പോഴും തെരഞ്ഞെടുപ്പുകൾ ജയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ നരേന്ദ്രമോദിയുടെ ശ്രമങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.