നേതാവ് അമിത് ഷാ തന്നെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഇല്ല

അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടെന്ന് ബിജെപി തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ പാര്‍ട്ടിയെ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ നയിച്ചാല്‍ മതിയെന്നും ബിജെപിയില്‍ ധാരണയായി. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തത്.

കേന്ദ്ര സര്‍ക്കാരിനെതിരെ പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്നത് ദുഷ്പ്രചാരണമാണെന്ന് അമിത് ഷാ പറഞ്ഞു. ഇതിന് എല്ലാം പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. വരുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകളും യോഗത്തില്‍ സജീവമാണ്.