അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിയുന്നു

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് ഒഴിയുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.

ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് സംഘനടയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ഇടവേള ബാബു തന്നെ പ്രസിഡന്റ് ആക്കണമെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള വികാരം. എന്നാല്‍ പ്രായക്കുറവ് ഇടവേള ബാബുവിന് തിരിച്ചടിയാകുമെന്ന സൂചനയുമുണ്ട്. ഇന്നസെന്റിനെ പോലെ മുതിര്‍ന്നൊരു നടനെ വേണമെന്നാണ് ചിലര്‍ പറയുന്നത്.