പ്രിയനായകന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

INDIA-DEATH
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റ ചേതനയറ്റ ശരീരം നിറകണ്ണുകളോടെയാണു നഗരം ഇന്നലെ ഏറ്റുവാങ്ങിയത്.ഷില്ലോങ്ങില്‍ വിദ്യാര്‍ഥികളോടു സംവദിക്കാന്‍ പോയ ഊര്‍ജ്വസ്വലനായ ഡോ. കലാം മരിച്ചുവെന്നു വിശ്വസിക്കാനാവാതെ രാജ്യം തരിച്ചുനിന്നു.
രണ്ടരമണിക്കൂര്‍ വിമാനത്തിലും പിന്നെ അത്രയും നേരം കാറിലും യാത്ര ചെയ്താണ് അദ്ദേഹം ഷില്ലോങ് ഐഐഎമ്മിലെത്തിയത്.ശാരീരിക അസ്വസ്ഥതകളുടെ യാതൊരു ലക്ഷണവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിങ്ങിനോടു പറഞ്ഞു.വിദ്യാര്‍ഥികളോടു സംസാരിച്ചു തുടങ്ങിയപ്പോള്‍ പ്രശ്നമൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. മൈക്ക് ശരിയാക്കിക്കൊടുത്തപ്പോള്‍ ഫണ്ണി ഗൈ, യു ആര്‍ ഡൂയിങ് വെല്‍ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. രണ്ടു മിനുറ്റ് സംസാരിച്ചുകഴിഞ്ഞപ്പോള്‍ ഒരു വാചകം പൂര്‍ത്തിയാക്കാനാവാതെ കുഴഞ്ഞുവീണു. താങ്ങിയപ്പോള്‍ കൈയില്‍ മുറുകെ പിടിച്ചു. തല തന്‍റെ കൈകളിലായിരുന്നു.ഒന്നും സംസാരിച്ചില്ല, വേദനയോ അസ്വസ്ഥതയോ പ്രകടിപ്പിച്ചില്ല. പെട്ടെന്ന് ആശുപത്രിയിലേക്കു പാഞ്ഞു. അഞ്ചുമിനുറ്റിനുള്ളില്‍ത്തന്നെ അദ്ദേഹത്തിന്‍റെ ജീവന്‍ നഷ്ടമായിരുന്നു- ശ്രീജന്‍ എഴുതി.കലാമിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഗുവാഹത്തിയില്‍ നിന്ന് ദില്ലിയിലെത്തി.സേനാമേധാവികളുടെ നേതൃത്വത്തില്‍ ഗാര്ഡ്‍ ഓഫ് ഓണര്‍ നല്കി‍. പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അഡ്വാനി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സ്പീക്കര്‍ സുമിത്ര മഹാജന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, മൂന്നു സേനാധിപന്മാര്‍, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുസ്ലിം ലീഗ് അധ്യക്ഷന്‍ ഇ. അഹമ്മദ്, കേന്ദ്രമന്ത്രിമാര്‍, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരടക്കം ഒട്ടേറെ പ്രമുഖര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളുടെ താൽപര്യപ്രകാരം സംസ്‌കാരം വ്യാഴാഴ്ച്ച രാമേശ്വരത്ത് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കലാമിന്റെ മരണത്തിൽ രാജ്യത്ത് ഏഴു ദിവസം ദുഃഖം ആചരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.