ജയലളിത അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി

തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത അന്തരിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി. വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ചു വിശദീകരണമുള്ളത്. എന്നാല്‍, ജയയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അവസാന ശ്രമങ്ങള്‍ തുടരുകയാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പിലുണ്ട്. നേരത്തെ, ജയ ടിവിയും മരണവാര്‍ത്ത നിഷേധിച്ചു രംഗത്തെത്തിയിരുന്നു.

ചില തമിഴ് വാര്‍ത്താ ചാനലുകളാണ് ജയലളിത മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ സണ്‍ ടിവിയാണ് വാര്‍ത്ത നല്‍കിയതെങ്കിലും പിന്നീട് മിക്ക തമിഴ് ചാനലുകളും വാര്‍ത്ത പുറത്തുവിടുകയായിരുന്നു. അണ്ണാ ഡിഎംകെ നേതൃത്വത്തെ ഉദ്ധരിച്ചാണ് മരണ വാര്‍ത്തയെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വമോ ഗവര്‍ണറോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അതേമസയം, അണ്ണാ ഡിഎംകെ ഓഫീസില്‍ പതാക താഴ്ത്തിയ നിലയിലാണ്.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി. എഡിഎംകെ പ്രവര്‍ത്തകര്‍ പോലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ആശുപത്രിക്ക് നേര്‍ക്കും കല്ലേറുണ്ടായി.

അതേസമയം ജയലളിത അന്തരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് താഴ്ത്തിക്കെട്ടിയ പതാക വീണ്ടും ഉയര്‍ത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയില്‍ തുടരണമെന്ന് ചെന്നൈ പോലീസ് കമ്മിഷണര്‍ അറിയിച്ചു.