പേറ്റന്റ് ലംഘനം: ആപ്പിള്‍ 1500 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

APPLE
മൈക്രോചിപ്പ് സാങ്കേതികവിദ്യ അനുവാദമില്ലാതെ ഉപയോഗിച്ചതിന് വിസ്‌കോന്‍സിന്‍ സര്‍വകലാശാലയ്ക്കാണ് ആപ്പിള്‍ 1500 കോടി രൂപ നഷ്ടപരിഹാരം നല്‍കണ്ടത്. വിസ്‌കോന്‍സിന്‍ സര്‍വകലാശാല-മാഡിസന് ആപ്പിള്‍ കമ്പനി 23.4 കോടി ഡോളര്‍ (ഏതാണ്ട് 1500 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്.ജൂറി വിധിച്ചത്.

സര്‍വകലാശാലയുടെ അധീനതയിലുള്ള മൈക്രോചിപ്പ് ടെക്‌നോളജി, ആപ്പിള്‍ അതിന്റെ ഐഫോണുകളിലും ഐപാഡുകളിലും അനുവാദമില്ലാതെ ഉപയോഗിച്ചതായി ജൂറി നേരത്തെ കണ്ടെത്തിയിരുന്നു. മൈക്രോചിപ്പ് വിദ്യയുടെ ഉപജ്ഞേതാക്കളിലൊരാളായ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഗുരിന്ദര്‍ സോഹി വിസ്‌കോന്‍സിനില്‍ മാഡിസണിലുള്ള ഫെഡറല്‍ കോടതിയില്‍ വിധി പ്രസ്താവിക്കുന്ന വേളയില്‍ ഹാജരായിരുന്നു.

ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി വന്നത്. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതേ പ്രശ്‌നത്തില്‍ 2008 ല്‍ ഇന്റലിനെതിരെയും വിസ്‌കോന്‍സിന്‍ സര്‍വകലാശാല കേസ് നല്‍കിയിരുന്നു. അത് കോടതിക്ക് പുറത്തുവെച്ച് തീര്‍പ്പാക്കുകയായിരുന്നു. നഷ്ടപരിഹാരമായി ഫൗണ്ടേഷന്‍ ആവശ്യപ്പെട്ട തുകയില്‍ നിന്ന് 16.5 കോടി ഡോളര്‍ കുറച്ചാണ് ജൂറി നഷ്ടപരിഹാര തുക നിശ്ചയിച്ചത്.