ആറന്മുള വള്ളംകളി: എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരം റദ്ദാക്കി

ആറന്മുള ഉത്രട്ടാതി വള്ളംകളിയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരം റദ്ദാക്കി. സ്റ്റാര്‍ട്ടിങിലെ പിഴവാണ് മത്സരഫലം റദ്ദാക്കാന്‍ കാരണം.എ ബാച്ചില്‍ 35 ഉം ബി ബാച്ചില്‍ 17 ഉം പള്ളിയോടങ്ങളാണ് മത്സരത്തിനുള്ളത്.

ആറന്മുളയുടെ തനതു ശൈലിയില്‍, ആചാരത്തനിമയില്‍ വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങള്‍ ജലഘോഷയാത്രയില്‍ പങ്കെടുക്കണം. മത്സര വള്ളംകളിയില്‍ തെയ് തെയ് താളത്തില്‍ മാത്രമേ പാടുവാന്‍ പാടുള്ളു. മറ്റു താളത്തില്‍ പാടുക, വിസില്‍ അടിക്കുക, പള്ളിയോടത്തില്‍ തടികൊണ്ട് ഇടിക്കുക, കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക തുടങ്ങിയവ ഗുരുതരമായ ക്രമക്കേടായി കണക്കാക്കി ഇത്തരം പള്ളിയോടങ്ങളെ അയോഗ്യരായി മത്സര വള്ളം കളിയില്‍നിന്നും പുറത്താക്കും. അവരുടെ ഗ്രാന്റ് നല്‍കാതിരിക്കുകയും 3 വര്‍ഷംവരെ ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതില്‍നിന്നും തടയുകയും ചെയ്യും.