അറ്റ്‌ലസ് ജ്വല്ലറി ഉടമ എം എം രാമചന്ദ്രന് മൂന്നുവര്‍ഷം തടവ് ശിക്ഷ

atlas
യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 1, 000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ച കേസില്‍ ദുബൈ പൊലീസ് അറസ്റ്റു ചെയ്ത അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ എം. എം. രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്.

കടക്കെണിയില്‍ പെട്ട അറ്റ്‌ലസ് ബിസിനസ് ശൃംഖലയെ മാസ് ഗ്രൂപ് എന്ന കമ്പനിയുടെ സഹകരണത്തോടെ കരകയറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകള്‍ നല്‍കിയ 15 കേസുകള്‍ പരിഗണിച്ച് ആഗസ്തിലാണ് രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് മാസം 23 മുതല്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന രാമചന്ദ്രന്‍ നിലവില്‍ വീട്ടുതടങ്കലിലാണ്.ബാങ്കുകളുമായി ലോണ്‍ തിരിച്ചടവിന് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.

പ്രതിസന്ധിയിലായ അറ്റ്‌ലസ് ഗ്രൂപ്പിനെ രക്ഷിക്കുന്നതിനായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം മാസ് ഗ്രൂപ്പുമായി കൈകോര്‍ത്ത് ധനസമാഹരണത്തിന്‌ ശ്രമിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.

ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പില്‍ അംഗമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. പ്രശ്‌നപരിഹാരത്തിനും ഒത്തുതീര്‍പ്പ് ഉദ്യമത്തിനും മുന്‍കൈ എടുക്കാന്‍ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് സന്നദ്ധമാണെന്ന് ചെയര്‍മാന്‍ തവ്ഹിദ് അബ്ദുല്ല അറിയിച്ചിരുന്നു. ഇതും ഫലം ചെയ്തില്ല. ജിസിസി രാജ്യങ്ങളിലെ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടികയില്‍ നേരത്തെ രാമചന്ദ്രനും ഉണ്ടായിരുന്നു.

വിധിപറയുന്നത് കേള്‍ക്കാന്‍ രാമചന്ദ്രന്റെ ഭാര്യയും കോടതിയിലെത്തിയിരുന്നു. വിധി കേട്ടയുടന്‍ അവര്‍ പൊട്ടിക്കരഞ്ഞു.