ബിജെപി നഗരസഭാംഗത്തിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാംകോട് വാർഡ് കൗൺസിലറും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിയെ പി ആർ എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.45 ഓടെ കരമന ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിൽ പോവുകയായിരുന്ന സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തലയുടെ മുൻഭാഗത്തും പിൻഭാഗത്തും സജിയെ വെട്ടിയ ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പ്രകാശിനേയും സംഘം ആക്രമിച്ചു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് പ്രകാശ്.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.