ആറ്റുകാല്‍ പൊങ്കാല ഇന്ന്.

ആറ്റുകാല്‍ പൊങ്കാല ഇന്ന്.പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. തിരക്ക് കണക്കിലെടുത്ത് ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ പത്തിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുക. പിന്നീട് മറ്റ് അടുപ്പുകളിലേക്ക് തീപകരും. ഉച്ചയോടെ പൊങ്കാല പൂര്‍ത്തിയാകും.

പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഭക്തര്‍. തിരക്ക് നിയന്ത്രിക്കാന്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. തെരുവോര കച്ചവടം തകൃതിയാണ്. പൊങ്കാലയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് ഭക്തര്‍.അനന്തപുരിയുടെ തെരുവുകളില്‍ പൊങ്കാല കലങ്ങള്‍ നിറഞ്ഞിട്ട് ദിവസങ്ങളായി. കലം, തവി, അടുപ്പ് കൂട്ടാനുള്ള കല്ല്, തുടങ്ങി പൊങ്കാലയൊരുക്കാന്‍ ഭക്തര്‍ക്ക് ആവശ്യമായതെല്ലാം നിരത്തിലുണ്ട്.