‘ആക്രമിക്കപ്പെട്ട നടി തന്റെ ചങ്ക്’; ഡബ്ല്യുസിസി ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്ന് ബാബു രാജ്

ആക്രമണത്തെ അതിജീവിച്ച നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ബാബു രാജ്. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചതെന്ന് ബാബു രാജ് പറഞ്ഞു. ആ പെണ്‍കുട്ടിയുടെ അവസ്ഥയെയാണ് താന്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചത്. പാര്‍വതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അര്‍ഥമറിയാത്തതു കൊണ്ടാകാമെന്നും ബാബുരാജ് പറഞ്ഞു.

ഡബ്യൂ.സി.സി പ്രത്യേക അജണ്ട വെച്ചാണ് ഇതൊക്കെ പറയുന്നതെന്നും ബാബുരാജ് ആരോപിച്ചു. നടി എന്റെ നല്ലൊരു സുഹൃത്താണ്. ഇവരേക്കാളൊക്കെ മുമ്പ് ഞങ്ങള്‍ തമ്മില്‍ പരിചയവുമുണ്ട്. ഞാനിപ്പോഴും പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാറുള്ളതുമാണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്.

അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തിലെന്ന് തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരെ സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

ഞാനുള്‍പ്പെടെയുള്ള അമ്മ എക്സിക്യൂട്ടീവ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കു വേണ്ടി ചങ്കു കൊടുക്കാന്‍ തയ്യാറാണ്. അന്നത്തെ ആ ആക്രമണ സംഭവത്തില്‍ ആ കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി തന്നെയാണ് ഞാന്‍ രംഗത്തു വന്നത്. എന്നിട്ടും ഇത്തരം തെറ്റായ വ്യാഖ്യാനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ മറ്റുദ്ദേശങ്ങളാകാമെന്നും ബാബുരാജ് പറഞ്ഞു.

Show More

Related Articles

Close
Close