തട്ടിപ്പ് നടത്തി രാജ്യം വിട്ടാല്‍ സ്വത്ത് കേന്ദ്രം കണ്ടുകെട്ടും; ഓര്‍ഡിനന്‍സിന് അംഗീകാരം

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍സസ് ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. 100 കോടിയ്ക്കു മുകളില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടു കെട്ടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. നേരത്തെ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചെങ്കിലും തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനം കാരണം ബില്‍ ചര്‍ച്ച ചെയ്യാനോ പാസാക്കാനോ കഴിഞ്ഞില്ല.

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ട വിജയ്മല്യയുടെയും നീരവ് മോദിയുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിന് ഓര്‍ഡിനന്‍സ് സഹായകരമാകും. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനുള്ള ശക്തമായ മറുപടിയാണ് ഓര്‍ഡിനന്‍സെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടത് ഓര്‍ഡിനന്‍സിന് കൂടുതല്‍ ബലം നല്‍കുന്നതാണ്.