ബാങ്കുകളിലെ മിനിമം ബാലന്‍സ് വ്യവസ്ഥ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി; ‘പാവപ്പെട്ടവരുടെ പണം ക്രൂരമായി ചോര്‍ത്തുന്നു’

മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പാവപ്പെട്ടവരുടെ പണം ക്രൂരമായി ചോര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാല്‍ ഇത് രണ്ടും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് പത്ത് ലക്ഷം കോടി രൂപ കിട്ടാക്കടമായിട്ടുണ്ട്. ഇതില്‍ 88 ശതമാനവും വന്‍ കിടക്കാരുടേതാണ്. എന്നാല്‍, ഈ വന്‍കിടക്കാര്‍ക്ക് ഇളവുകള്‍ നല്‍കി സാധാരണക്കാരുടെ പണം ക്രൂരമായി ചോര്‍ത്തുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. 11,500 കോടിരൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്നും ചോര്‍ത്തി എന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

വന്‍കിടക്കാര്‍ക്ക് ബാങ്കുകളില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളല്ല ഉള്ളത്. പലരീതിയിലും ബാങ്കുകളെ പറ്റിച്ച് കടന്നു കളയുന്ന ഇവര്‍ ഉണ്ടാക്കുന്ന നഷ്ടം സാധാരണ ഉപഭോക്താക്കള്‍ തങ്ങളുടെ ചെറുനിക്ഷേപങ്ങളില്‍ നിന്നും നികത്തിക്കൊള്ളണമെന്ന് പറയുന്നതുപോലെയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് ചില സ്വകാര്യ ബാങ്കുകളാണ് ഈ രീതി ആവിഷ്‌ക്കരിച്ചിരുന്നെങ്കില്‍ ഇന്ന് പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പടെ എല്ലാ ബാങ്കുകളും ഇത് പകര്‍ത്തിയിരിക്കുന്നു. സമ്പന്നവര്‍ഗ്ഗമൊഴികെയുള്ളവരെ ചൂഷണം ചെയ്യുക എന്ന തീര്‍ത്തും ജനവിരുദ്ധമായ ഈ നയം പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്‍ധന്‍പെന്‍ഷന്‍ അക്കൗണ്ടുകള്‍ ഒഴികെയുള്ള സാധാരണക്കാരുടെ സകല അക്കൗണ്ടുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജിന്റേയും മറ്റും പേരുകളില്‍ പണം ചോര്‍ത്തുകയാണ്. സാധാരണക്കാരെ കൊണ്ടാകെ സബ്‌സിഡിയുടെയും മറ്റും പേരുപറഞ്ഞ് അക്കൗണ്ട് തുറപ്പിക്കുക. എന്നിട്ട്, ആ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തുക. മനുഷ്യത്വരഹിതമാണിത്. ആയിരം രൂപ മിനിമം നിക്ഷേപത്തിലുണ്ടാവണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ സബ്‌സിഡി വരവ് മാത്രമുള്ള നിക്ഷേപകന് എത്രമാസങ്ങള്‍ വേണ്ടിവരും അത്രയും തുക തികയ്ക്കാന്‍. ഗ്യാസ് അടക്കമുള്ളവയുടെ സബ്‌സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നൂവെന്നു പറയുന്ന ഇളവ് മറുവശത്തുകൂടി സര്‍വ്വീസ് ചാര്‍ജിനത്തില്‍ ചോര്‍ത്തുന്ന സംവിധാനമാണിത്.