മദ്യനയം മറ്റൊരു ‘ഓഖി’, ചെങ്ങന്നൂരില്‍ തിരിച്ചടിക്കും: സർക്കാരിനോട് കത്തോലിക്ക സഭ

സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലും ആണ്  ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി  രംഗത്തെത്തിയത്. മദ്യവര്‍ജനം പ്രഖ്യാപിച്ചിട്ടു സര്‍ക്കാര്‍ എല്ലായിടത്തും മദ്യം എത്തിക്കുകയാണെന്നും സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും മാര്‍ ക്ലിമ്മിസ് കാതോലിക്കബാവ തിരുവല്ലയില്‍ പറ‍ഞ്ഞു.

മദ്യനയത്തിലെ‌ സര്‍ക്കാര്‍ തീരുമാനം മറ്റൊരു ഓഖി ദുരന്തമാകുമെന്നു താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു‍. ഇതു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ത്രീ സ്റ്റാര്‍ ബാറുകളും ബീയര്‍ പാര്‍ലറുകളും തുറക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ്സ് പ്രകടമാക്കുമെന്നും താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ തുറന്നടിച്ചു‍.