ബാര്‍ കോഴ; തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

bar1

ബാര്‍ കോഴ കേസില്‍ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചോദ്യം ചെയ്ത 19 പേര്‍ക്കും സംഭവം കേട്ടുകേള്‍വി മാത്രമേ ഉള്ളൂ എന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അതിനിടെ പ്രോസിക്യൂഷന്‍ അനുമതിയില്ലാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാനാകില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. മന്ത്രിയുള്‍പ്പെട്ട കേസായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി വേണം. കോടതിമേല്‍നോട്ടത്തിലുള്ള അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത്തരം അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ മന്ത്രി.കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേഷിന്റെ ആരോപണത്തെ ന്യായീകരിക്കുന്ന തെളിവുകളൊന്നു ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ആരോപണവുമായി നേരിട്ട് ബന്ധമുള്ള 13 പേരേക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആരോപണം തെളിയിക്കാന്‍ ബാറുടമകള്‍ വേണ്ടത്ര സഹകരിക്കുന്നില്ല. ബിജു രമേഷ് ആരോപണമുന്നയിച്ചെങ്കിലും പിന്നീട് പിന്നോക്കം പോയതയായും അഡ്വ.ജനറല്‍ അറിയിച്ചു.