ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജകപരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് നാഡയോട് ബിസിസിഐ

ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡ(ഇന്ത്യന്‍ ഉത്തേജക വിരുദ്ധ എജന്‍സി)യെ അനുവദിക്കില്ലെന്ന് ബിസിസിഐ. വെള്ളിയാഴ്ച നാഡക്ക് അയച്ച കത്തിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ഭാഗമല്ല. അതുകൊണ്ട് ഉത്തേജക പരിശോധന നടത്താന്‍ നാഡക്ക് അധികാരമില്ലെന്നുമാണ് ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി നാഡ മേധാവി നവീന്‍ അഗര്‍വാളിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐക്ക് സംവിധാനമുണ്ടെന്നും കത്തില്‍ പറയുന്നു.

സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതിയുടെ കൂടി അനുമതിയോടെയാണ് സംഘടന നാഡക്കുള്ള മറുപടി തയാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നാഡയോട് സഹകരിക്കണമെന്ന് കായിക സെക്രട്ടറി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉത്തജകമരുന്ന് വിരുദ്ധ ഏജന്‍സിയായ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സിയുടെ പാനലിലേക്കാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സേവാഗിനെ തെരഞ്ഞെടുത്തിരുന്നു.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സേവാഗ്. സേവാഗിനെ കൂടാതെ മുന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍ വിനയ് ലാമ്പയും പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1999ലെ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് വെയിറ്റ് ലിഫ്റ്റര്‍ കുഞ്ചറാണി ദേവിയും ആന്റി ഡോപ്പിങ്ങ് ഡിസിപ്ലിനറി(അഉഉജ) പാനലില്‍ ഉണ്ട്. കേന്ദ്ര കായിക യുവജന ക്ഷേമ മന്ത്രാലയമാണ് പുതിയ പാനലിന് അംഗീകാരം നല്‍കിയത്.