ഉന്നത നേതാവിന്റെ പേരുവിവരങ്ങൾ ഇന്നു വെളിപ്പെടുത്തും: ഭാഗ്യലക്ഷ്മി

ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ വെളിപ്പെടുത്തലിലെ പ്രധാനികള്‍ ആരെല്ലാമാണെന്ന് ഇന്നു നടക്കുന്ന പത്രസമ്മേളനത്തില്‍ പറയുമെന്ന് ഭാഗ്യലക്ഷ്മി.

വൈകുന്നേരം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ പിൻവലിച്ചിട്ടില്ല. ആദ്യം അതു സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന രീതിയിലായിരുന്നു, ഇപ്പോൾ അത് പബ്ലിക്കാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് പത്രസമ്മേളനത്തെക്കുറിച്ച് തീരുമാനിക്കുന്നത്. ഇന്ന് പതിനൊന്ന് മണിയോടെ തൃശൂരില്‍ പത്രസമ്മേളനം നടത്താനാണ് ഉദ്ദേശിക്കുന്നത്. പത്രസമ്മേളനത്തില്‍ തന്നോട് പരാതി പറഞ്ഞ പെണ്‍കുട്ടിയും ഭര്‍ത്താവും ഒപ്പമുണ്ടാകും.

ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിലെ പരാതിക്കാരി തൃശൂര്‍ സ്വദേശിനിയാണെന്നും ഉന്നത ബന്ധമുളള രാഷ്ട്രീയ നേതാവ് സിപിഐഎം പ്രാദേശിക നേതാവാണെന്നും അഭ്യൂഹങ്ങളുണ്ട്.

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നും പരാതി നല്‍കിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും പോസ്റ്റിലുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ നിന്ന് തന്നെ ബന്ധപ്പെട്ടതായും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞതായും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ഇരയായ സ്ത്രീയോട് കൂടി സംസാരിക്കാമെന്ന് ഇവര്‍ ഉറപ്പുനല്‍കിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇരയായ സ്ത്രീക്ക് നീതീ ലഭിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.