ഭാരതപ്പുഴയില്‍ ജലനിരപ്പുയരുന്നു; ജാഗ്രത നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പ്രളയത്തിന് ശേഷം ആളിയാര്‍ ഡാമില്‍ നിന്നു തുറന്നുവിടുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 3000 ഘനഅടിയായി ഉയര്‍ത്തിയതോടെ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. പുഴയിലിറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നരിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് 5000 ഘനയടിയില്‍ കൂടരുതെന്നു കേരളം നിര്‍ദേശിച്ചു. കാരണം അപ്പര്‍ ആളിയാറില്‍ നിന്ന് ആളിയാറിലേക്കുള്ള ഒഴുക്കു വര്‍ധിച്ചതാണു ചിറ്റൂര്‍പ്പുഴയിലേക്കു കൂടുതല്‍ ജലം തുറക്കാന്‍ കാരണം.

അപ്പര്‍ ആളിയാറില്‍ തമിഴ്‌നാട് 60 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ ജലവും ആളിയാറിലേക്കാണ് എത്തുന്നത്. പദ്ധതി പ്രദേശത്തുള്‍പ്പെട്ട കാടമ്പാറ അണക്കെട്ടും നിറഞ്ഞു കിടക്കുകയാണ്. 1050 അടിയാണ് ആളിയാര്‍ ഡാമിന്റെ പരമാവധി സംഭരണനിരപ്പ്. പൊടുന്നനെ ഉണ്ടാകുന്ന പ്രളയജലം സംഭരിക്കാന്‍ ജലനിരപ്പ് 1048 അടിയായി താഴ്ത്തി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ നിര്‍ദേശം തമിഴ്‌നാട് പാലിക്കുന്നുണ്ട്.