ഭോപ്പാല്‍ സംഭവം: മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന തരംതാണതെന്ന് കുമ്മനം

ഭോപ്പാലിലെ സ്വീകരണ പരിപാടി ഉപേക്ഷിച്ച് മടങ്ങിയതിനു ശേഷം ബിജെപിയേയും ആര്‍എസ്എസിനേയും കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏതോ സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത് പിണറായി വിജയന്‍ തന്നെയാണ്. പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം വീണ്ടും പൊലീസ് ബന്ധപ്പെട്ടെങ്കിലും പരിപാടി ഉപേക്ഷിച്ചു മടങ്ങുകയാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനു ശേഷം ഇത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ല.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് മധ്യപ്രദേശത്തെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

മധ്യപ്രദേശില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ആര്‍എസ്എസിന്റെ സംസ്‌കാരമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. പിണറായിക്കെതിരെയുളള നടപടി പ്രതിഷേധാര്‍ഹമാണെന്നും ഫെഡറല്‍ മര്യാദയുടെ ലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.

സമ്മേളനവേദിയായ ഭോപാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പോകുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രതിഷേധമുണ്ടാകുമെന്ന് പൊലീസ് പിണറായിയെ അറിയിച്ചത്. പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്പിയുടെ നിര്‍ദേശമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കരിദിനം ആചരിച്ച് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത് ആരാണെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അന്ന് അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്താനോ അപലപിക്കാനാ ഇവിടുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. മാത്രവുമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നരേന്ദ്രമോദിക്ക് ഗോബാക്ക് വിളിക്കുകയാണ് ചെയ്തത്. എങ്കിലും മടങ്ങിപ്പോയ ശേഷം മലയാളികളെ ഒന്നടങ്കം ആക്ഷേപിക്കാനോ പരാതിപ്പെടാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇതാണ് ശരിക്കും സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.