ബിഹാറിൽ പ്രചാരണം ഇന്നു തീരും

BIHAR
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തിന് ഇന്നു സമാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുൾപ്പെടെ നേതാക്കളുടെ വൻ നിരയാണു തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകരുന്നത്. ഇതിനിടെ, പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന നേതാക്കൾ വാക്കിലും പ്രവൃത്തിയിലും മാന്യത പുലർത്തണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ താക്കീതു നൽകി. ബിഹാറിൽ നേതാക്കളുടെ ആരോപണ–പ്രത്യാരോപണങ്ങൾ അതിരു കടക്കുന്നെന്ന പരാതിയെത്തുടർന്നാണു കമ്മിഷൻ നിർദേശം.

ഹിന്ദുസ്‌ഥാനി ആവാം മോർച്ച സംസ്‌ഥാന പ്രസിഡന്റ് ശകുനി ചൗധരി, എൽജെപി എംപി രാമചന്ദ്ര പാസ്വാന്റെ മകൻ പ്രിൻസ് രാജ്, കോൺഗ്രസ് നേതാക്കളായ സദാനന്ദ് സിങ്, അജിത് ശർമ, ബിജെപി നേതാവ് സുരേന്ദ്ര മേത്ത, സിപിഐയുടെ നിലവിലുള്ള ഏക എംഎൽഎ അവ്‌ദേശ് കുമാർ റായ് എന്നിവരാണ് ആദ്യഘട്ടത്തിൽ മൽസരിക്കുന്ന പ്രമുഖർ.

ഹിന്ദുക്കളും ബീഫ് കഴിക്കുമെന്ന ലാലുവിന്റെ വിവാദ പരാമർശത്തെ വിമർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചെകുത്താനെന്നു വിളിച്ചെന്നാണ് പരാതി. ചെകുത്താൻ നാവിൽ കയറിയപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നുള്ള ലാലുവിന്റെ ന്യായീകരണത്തെ മോദി കളിയാക്കിയിരുന്നു. താൻ ചെകുത്താനെങ്കിൽ മോദി ബ്രഹ്‌മരക്ഷസാണെന്നു ലാലു തിരിച്ചടിക്കുകയും ചെയ്‌തു.

ആകെ 49 സീറ്റുകളിലേക്ക് 586 സ്‌ഥാനാർഥികളാണു മൽസരിക്കുന്നത്. 2010ലെ തിരഞ്ഞെടുപ്പിൽ ബിജെപി–13, ജെഡിയു–29, ആർജെഡി–4, കോൺഗ്രസ്–1, സിപിഐ–1, ജെഎംഎം–1 എന്നിങ്ങനെയാണ് ഈ സീറ്റുകളിൽ വിജയിച്ചത്.