വന്‍കിട മുതലാളിമാരുടെ പാദസേവകരായി സിപിഐഎം മാറി

വന്‍കിട മുതലാളിമാരുടെ പാദസേവകരായി സിപിഐഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് പാര്‍ട്ടി വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. ആലപ്പുഴ ഡിസിസിയുടെ ക്യാംപ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ബിനോയ് കോടിയേരിക്കതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളി കോടിയേരി തന്നെ രംഗത്തെത്തിയിരുന്നു.

തനിക്കും പാര്‍ട്ടിക്കുമെതിരായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണെന്ന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്. 2003 മുതല്‍ ദുബായില്‍ ജീവിച്ചുവരുന്ന എന്റെ മകന്‍ ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെയും എന്റെ പാര്‍ട്ടിക്കെതിരെയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കോടിയേരി തന്റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.