സര്‍ക്കാരും, സഭയും കൈവിട്ടുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍; ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി. കന്യാസ്ത്രീകളും കുടുംബാഗങ്ങളും ഇന്നു രാവിലെ 9.30നാണ് സമരം തുടങ്ങിയത്. സര്‍ക്കാരും,സഭയും തങ്ങളെ കൈവിട്ടതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളോടു പറഞ്ഞു. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും അവര്‍ ആരോപിച്ചു.

എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം തുടങ്ങിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജലന്ധര്‍ ബിഷപ്പിനെതിരെ മാത്രിയായ തെളിവുകള്‍ ലഭിക്കുകയും, പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായത്.
ബിഷപ്പ് ഫ്രാങ്കോയുടെ മോശം പെരുമാറ്റം മൂലമാണ് തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകളും മൊഴി നല്‍കിയിരുന്നു. ഇതെക്കുറിച്ച് പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും തുടര്‍ന്ന് സഭാവസ്ത്രം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
ബിഷപ് ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ട് രണ്ട് മാസം പിന്നിട്ടു. പരാതിക്കാരിയായ കന്യാസ്ത്രീയെ അഞ്ചുപ്രാവശ്യം ചോദ്യം ചെയ്ത അന്വേഷണസംഘം വീണ്ടും തെളിവുകള്‍ ശേഖരിച്ച് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ചാണ് സമരം. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പരാതിക്കാരി കടുത്ത മാനസിക സമ്മര്‍ദത്തിലാണ്.
കന്യാസ്ത്രീ ചങ്ങനാശേരി സി.ജി.എം. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ്സംഘം പരാതി സാധൂകരിക്കുന്ന ഇരുപതോളം തെളിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് മാസമായി വൈക്കം ഡിവൈ.എസ്.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലും ഡല്‍ഹിയിലും പഞ്ചാബിലുമായി നടത്തിയ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കന്യാസ്ത്രീയുടെ പരാതിയിലെ പിഴവുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴും പോലീസിന്റെ അന്വേഷണം നടക്കുന്നതെന്ന ആരോപണമുണ്ട്.
അതിനിടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സഭയിലെ കൂടുതല്‍ കന്യാസ്ത്രീമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഉപേക്ഷിച്ചെന്നും ഒരാള്‍ മറ്റൊരു സഭയില്‍ ചേര്‍ന്നെന്നുമാണ് ആരോപണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ ആലിംഗനം ചെയ്തുവെന്നും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും മൊഴി നല്‍കിയിട്ടുണ്ട്.