കള്ളന്‍ കപ്പലില്‍ തന്നെ : ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷ്ടിച്ച് ഉരുക്കിവിറ്റ കൊച്ചുമകനും കൂട്ടുകാരും അറസ്റ്റില്‍

ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കൊച്ചുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ വരാണസി പൊലീസിനായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഒരു ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ഉരുക്കിയ വെള്ളി ഷെഹനായികള്‍ ലഭിച്ചത്. ബിസ്മില്ലാ ഖാന്റെ പുത്രനായ കാസിം ഹുസൈന്റെ മകനാണ് ആഭരണ നിര്‍മ്മാതാക്കള്‍ക്ക് ഇവ വിറ്റതെന്ന് പൊലീസ് പറയുന്നു.

മുന്‍പ്രധാനമന്ത്രി നരസിംഹറാവു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ സമ്മാനിച്ച മൂന്നു വെള്ളി ഷെഹനായികളും മരം കൊണ്ടുളള ഒരു ഷെഹനായിയുമാണ് ബിസ്മില്ലാ ഖാന്റെ മകന്റെ വീട്ടില്‍ നിന്നും മോഷണം പോയത്.വാരാണസിയിലെ വീട്ടിൽനിന്ന് കാസിമും കുടുംബവും സ്ഥലത്തില്ലാതിരുന്ന നവംബർ 29നും ഡിസംബർ നാലിനും ഇടയിലാണ് ഇവ മോഷണം പോയത്. 2006ലാണ് ബിസ്മില്ലാ ഖാൻ അന്തരിച്ചത്.