ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തില്‍ എസ്പി കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോഡിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു.

യുപിയില്‍ ആകെയുളള 403 സീറ്റുകളിലെയും ലീഡ് നില പുറത്തുവന്നപ്പോള്‍ 307 ഇടത്ത് ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ഭരണ കക്ഷിയായ എസ്പി കോണ്‍ഗ്രസ് സഖ്യം 70, ബിഎസ്പി 20, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് ലീഡ് നില. ഉത്തരാഖണ്ഡിലെ 70 സീറ്റില്‍ 51 സീറ്റില്‍ ബിജെപി മുന്നിലാണ്. 15 ഇടത്തും കോണ്‍ഗ്രസും നാലിടത്തു മറ്റുള്ളവരുമാണ് മുന്നിലുള്ളത്. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ 15 വര്‍ഷത്തെ ബിജെപിയുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഇക്കുറി ‘കാവി ഹോളി’യാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഭരണം പിടിച്ചാണ് ബിജെപിയുടെ മറുപടി. ചരിത്രത്തിലെ വലിയ വിജയങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശില്‍ കേവലഭൂരിപക്ഷത്തിലും ഏറെ മുന്നിലെത്തിയ ബിജെപി വിജയം. ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ കണ്ടതെങ്കില്‍ പിന്നീടങ്ങോട്ട് ബിജെപിയുടെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. ഉത്തരാഖണ്ഡില്‍ തനിച്ച് അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായതോടെ കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ ബഹുദൂരം പിന്നിലായി.